Local
വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതകർക്ക് വനം വകുപ്പിൽ ജോലി; നിയമ സാധ്യത പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

കോതമംഗലം : കോതമംഗലം മേഖലയിൽ വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതകർക്ക് വനം വകുപ്പ് ജോലി നൽകുന്ന കാര്യത്തിൽ നിയമ പരമായ സാധ്യത പരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.

കോതമംഗലം മണ്ഡലത്തിൽ 650.16 ലക്ഷം രൂപയുടെ പ്രതിരോധ പ്രവർത്തനങ്ങൾ പ്രത്യേകമായി നടപ്പിലാക്കി വരുന്നതായും, ചീഫ് വൈൽഡ് ലൈഫ് വാർഡനോട് പ്രദേശങ്ങൾ സന്ദർശിക്കുവാൻ നിർദ്ദേശം നൽകിയതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.
കോതമംഗലം മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ വനംവകുപ്പിന്റെ കൂടുതൽ ജാഗ്രതയോട് കൂടിയ ഇടപെടലുകളും പ്രതിരോധമാർഗ്ഗങ്ങളും ഉണ്ടാകണമെന്നും,കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് വനംവകുപ്പ് ജോലി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആന്റണി ജോൺ എം എൽ എ ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.
കോതമംഗലം നിയോജക മണ്ഡലത്തിലും, പരിസരപ്രദേശങ്ങളിലും കഴിഞ്ഞ വർഷം തന്നെ കാട്ടാനകളുടെ മുന്നിൽപ്പെട്ട് മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ ഡിസംബർ മാസം 14-ന് മൂന്നാർ വനം ഡിവിഷനിൽ നേര്യമംഗലം റേഞ്ചിൽ നേര്യമംഗലം-ഇടുക്കി റോഡിലേക്ക് കാട്ടാന മറിച്ചിട്ട പന വീണ് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത ആൻമേരി സി.വി എന്നയാൾ മരണപ്പെട്ടിരുന്നു. 17 -നാണ് മൂന്നാർ ഡിവിഷനിൽ നേര്യമംഗലം റേഞ്ചിൽ ഇഞ്ചത്തൊട്ടി സ്റ്റേഷൻ പരിധിയിൽവെച്ച് കാട്ടാനയുടെ ആക്രമണത്തിൽ എൽദോസ് എന്നയാൾ കൊല്ലപ്പെട്ടത്.
29 -ന് കോതമംഗലം ഡിവിഷനിൽ മുള്ളരിങ്ങാട് റേഞ്ചിൽ ചുളളിക്കണ്ടം സെക്ഷൻ പരിധിയിൽ പശുവിനെ മേയ്ക്കാൻ പോകവെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അമർ ഇലാഹി എന്നയാളാണ് ഇതിൽ അവസാനത്തേത്.വിഷയം ഏറെ ദൗർഭാഗ്യകരമായ കാര്യമാണെന്നും, പ്രദേശങ്ങളിൽ വന്യജീവി ആക്രമണം വർദ്ധിച്ച് വരുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആന്റണി ജോൺ എം എൽ എ ഈ വിഷയത്തിൽ നിരന്തരം സബ്മിഷനുകൾ ഉന്നയിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയ മന്ത്രി കോതമംഗലം നിയോചകമണ്ഡലത്തിന് തന്നെ പ്രത്യേക പരിഗണന നൽകി നിരവധി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നതായും അറിയിച്ചു.
പ്രദേശത്ത് അടിയന്തര സാഹചര്യങ്ങളെ നേരിടാൻ മൂന്ന് ആർ.ആർ.ടികളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിവിഷൻ എമർജൻസി കൺട്രോൾ റൂമും പ്രവർത്തന സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
പ്രസ്തുത പ്രവർത്തനങ്ങളെക്കുറിച്ച് മുൻപ് സഭയിൽ അവതരിപ്പിച്ചിട്ടുള്ളതിനാൽ അതിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ മന്ത്രി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി സമയ ബന്ധിതമായി പൂർത്തീകരിക്കാൻ നടപടികൾ സ്വികരിക്കുമെന്നും, പ്രതിരോധ പ്രവർത്തനങ്ങൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ചത് സ്വാഗതാർഹമാണെന്നും പറഞ്ഞു.
കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് സർക്കാരിന് നിയമപരമായി ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും ഉണ്ടാകുമെന്നും, നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായും,കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടുള്ള നിയമ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
കാർഷിക വിളകളുടെ നഷ്ടപരിഹാരം സംബന്ധിച്ച വിഷയത്തിൽ 2024 മാർച്ച് വരെയുള്ള എല്ലാ അപേക്ഷകളിലും തീർപ്പ് കല്പിച്ചതായും,ധനലഭ്യതയ്ക്ക് അനുസരിച്ച് ബാക്കിയുള്ളവയിലും പരമാവധി വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനാണ് വനം വകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും, കോതമംഗലത്തെ വിഷയങ്ങളെ സംബന്ധിച്ച് അടിയന്തരമായി പഠിക്കാനും, ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യ വനപാലകൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് ആവശ്യമായ ഇടപെടൽ നടത്താൻ കോതമംഗലത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി മുൻഗണന ക്രമത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കാനും നിർദ്ദേശം നൽകിയതായും മന്ത്രി എ കെ ശശീന്ദ്രൻ സബ്‌മിഷന് മറുപടിയായി നിയമസഭയിൽ അറിയിച്ചു.
latest news
ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്‌പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
latest news
മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്‌ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.
തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.
പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ് കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.
മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.
മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.
ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.
പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.
latest news
മറയൂരിൽ നിന്നും ചന്ദനം കടത്തൽ; ഗുണ്ടാ നേതാവ് അമ്മയ്ക്കൊരുമകൻ സോജു അടക്കം 4 പേർ അറസ്റ്റിൽ
-
Uncategorized10 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local12 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news10 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local12 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized10 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local11 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും